TOPICS COVERED

തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട അസ്മിനയും പ്രതി ജോബിയും പരിചയപ്പെടുന്നത് കായംകുളത്തെ ഹോട്ടലില്‍ വച്ചാണെന്ന് പൊലീസ്. അവിടെ പാചകക്കാരിയായ അസ്മിനയും റിസപ്ഷനിസ്റ്റായ ജോബിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച്ച മുന്‍പാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോബി ജോലിക്കു കയറിയത്. തിരിച്ചറിയൽ രേഖകൾ ഒന്നും നൽകാതെയാണ് ജോബി ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ചത്. ഇതിനിടെയാണ് തന്റെ ഭാര്യയാണെന്ന് പറഞ്ഞ് അസ്മിനയെ ജോബി ലോഡ്ജിലേക്ക് കൊണ്ടുവന്നത്.

40 കാരിയായ വടകര സ്വദേശിനി അസ്മിനയ്ക്കായി ജോബി ഈ ലോഡ്ജില്‍ ഒരു മുറിയെടുത്തു. ജോബിക്കു പുറമേ മറ്റൊരാളും കൂടി ഈ മുറിയിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാവിലെ ഇരുവരേയും കാണാത്തതിനെത്തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലിൽ അസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോബി പുലർച്ചെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.  

ജോബിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിൽ ജോബിക്ക് പുറമേ ആരുടെയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ് അസ്മിന. അസ്മിനയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തും. 

ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ ഇന്നലെ രാവിലെയാണ് അസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Attingal murder case revolves around the death of Asmina in a lodge. Police are investigating Jobi's involvement and possible accomplices in the crime.