കേരളത്തില്‍ ഇന്ന് പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പന്ത്രണ്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ വയനാടുവരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ വ്യാപക മഴ കിട്ടും, ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യയുണ്ട്.
കണ്ണൂരും കാസര്‍കോടും മഴ മുന്നറിയിപ്പില്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തി കൈവരിക്കാനിടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപമെടുക്കുന്നുണ്ട്. ഇവയുടെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.
തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴ രാത്രി വരെ നീണ്ടു. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിൽ ശക്തമായ മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇളവട്ടം ജംഗ്ഷന് സമീപം റോഡിലേക്ക് വെള്ളം കയറിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തോട്ടിലെ വെള്ളമാണ് റോഡിലേയ്ക്ക് കയറിയത്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കഴക്കൂട്ടം ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
എറണാകുളം ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങൾ . ഇന്നലെ ഇടിമിന്നലിൽ പിറവം ഇലഞ്ഞിയിൽ കൊല്ലക്കൊമ്പിൽ ഗോപിനാഥന്റെ വീട് ഭാഗികമായി തകർന്നു. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂർണ്ണമായി കത്തി നശിച്ചു.
ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. രാത്രിയിലും കൊച്ചി നഗരത്തിലും ജില്ലയുടെ മലയോര,തീരദേശ മേഖലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു. രണ്ടു ദിവസം തകർത്ത് പെയ്ത മഴയിൽ ഇടുക്കി കുമളിയിൽ വ്യാപക കൃഷി നാശം. പലയിടത്തും ഏക്കർ കണക്കിന് കൃഷി ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. കോടികളുടെ നഷ്ടമുണ്ടായതിന്റെ ആശങ്കയിലാണ് കർഷകർ .