ഒരാഴ്ച നീണ്ട സ്പെഷല്‍ ഡ്രൈവില്‍ കൊച്ചിയില്‍ പിടികൂടിയ  എയര്‍ഹോണുകള്‍ തകര്‍ത്ത് തരിപ്പണമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇരുനൂറിലെ വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത അഞ്ഞൂറിലേറെ എയര്‍ഹോണുകളാണ് നശിപ്പിച്ചത്. നിയമംലംഘിച്ച്  എയര്‍ഹോണുകള്‍ പിടിപ്പിച്ചവരില്‍ നിന്ന് നാലര ലക്ഷത്തിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.

പപ്പടംപൊടിയുന്ന പോലെയാണ് ജനങ്ങളെ  ശബ്ദംകൊണ്ട് കൊല്ലാകൊല ചെയ്ത എയര്‍ഹോണുകള്‍ തകര്‍ന്നടിഞ്ഞത്. എയര്‍ഹോണ്‍ ഫാന്‍സിനുള്ള മുന്നറിയിപ്പ്കൂടിയാണ് ഈ ദൃശ്യങ്ങള്‍. ഇതൊന്ന് കണ്ട് പാഠം പഠിച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടുമിറങ്ങും. പോക്കറ്റ് കീറുന്ന ഫൈനടിച്ച് കയ്യില്‍ നല്‍കും. ഒരാഴ്ച നീണ്ട പരിശോധനയില്‍ പിടിച്ചെടുത്ത ഹോണുകള്‍ റോഡ്റോളര്‍ കയറ്റി തകര്‍ക്കണമെന്ന് മന്ത്രി കെ. ബി. ഗണേഷ്കുമറിന്‍റെ നിര്‍ദേശമാണ്. ഒറിജിനല്‍ റോഡ് റോളര്‍ കിട്ടാത്തതുകൊണ്ട് കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ കൂട്ടിന് വിളിച്ചത് മണ്ണുമാന്തിയന്ത്രത്തെ.

എറണാകുളം ജില്ലയില്‍ 248 വാഹനങ്ങളാണ് പരിശോധനയില്‍ കുടുങ്ങിയത്. മിക്കതും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ വാഹനങ്ങള്‍. ഡിജെയിലെന്ന പോലെ വ്യത്യസ്ഥ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ആറ് എയര്‍ഹോണുകള്‍ വരെയാണ് വാഹനങ്ങളിലുണ്ടായിരുന്നത്. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഉപേക്ഷിച്ചാല്‍ ആക്രിയായി മടങ്ങിവരാനുള്ള സാധ്യത മുന്നില്‍കണ്ടാണ് റോഡ് റോളര്‍ പ്രയോഗം. 

ENGLISH SUMMARY:

Air horns destroyed after being seized in Kochi by the Motor Vehicle Department during a week-long special drive. The authorities crushed over five hundred illegal air horns and collected fines exceeding four and a half lakh rupees from violators.