വൈദ്യുതി ബോര്‍ഡ് മാനേജ്മെന്‍റിനെതിരെ ഗുരുതര ആരോപണവുമായി ഇടതുതൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം. വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ ലോബികളുടെ താല്‍പര്യം പരാജയപ്പെടുത്തിയതിന് പ്രതികാരം വീട്ടുന്നുവെന്നാണ് ആരോപണം. ലോബികളുടെ നീക്കം ചെറുത്തതിനാല്‍ 3,100 കോടിരൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായതെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
വൈദ്യുതി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാനേജ്മെന്‍റും തൊഴിലാളിയൂണിനുകളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഉപയോക്താക്കള്‍ക്ക് വന്‍ബാധ്യത വരുത്തുന്ന ടോട്ടെക്സ് മാതൃകയിലുള്ള പദ്ധതിയാണ് രാഷ്ട്രീയഭേദം കൂടാതെ തൊഴിലാളികള്‍ എതിര്‍ത്തത്. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് സ്വന്തം നിലയ്ക്ക് കാപെക്സ് രീതിയിലാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയത്. അന്നുമുതല്‍ വൈദ്യുതി ബോര്‍ഡ് മാനേജ്മെന്‍റ് പ്രതികാര നടപടികള്‍ തുടങ്ങിയെന്ന് തൊഴിലാളിയൂണിയനുകള്‍.
2016 ലെയും 2021ലെയും ശമ്പള പരിഷ്കരണം തടഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 20 ന് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് മേല്‍ മന്ത്രിതല ചര്‍ച്ചയില്‍ സര്‍ക്കാര്‍തല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സമിതി ഒരുയോഗം പോലും ചേര്‍ന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക് നീങ്ങിയത്. ഇടതുയൂണിയനുകള്‍ക്ക് പുറമെ യുഡിഎഫ് അനുകൂല സംഘടനകളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുക്കുന്നു.