സംസ്ഥാനത്ത് പെരുമഴ വരുന്നു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ബുധനാഴ്ചവരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍പോകരുത്. ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശവും നിലവിലുണ്ട്.
അതേസമയം, അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. 48 മണിക്കൂറിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 17 മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 24 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.