shafi-milma

TOPICS COVERED

പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന വടകര എംപി ഷാഫി പറമ്പിലിന്റെ മുഖത്തോട് സാമ്യമുള്ള മില്‍മയുടെ പരസ്യം ചര്‍ച്ചയായി. ഇതോടെ മിൽമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാരിക്കേച്ചര്‍ കാര്‍ഡ് പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചു. മിൽമ മലബാർ മേഖലാ യൂണിയന്റെ സമൂഹമാധ്യമ പേജിൽ വന്ന കാർഡാണ് കോൺഗ്രസ് അനുഭാവികളുടെ പ്രതിഷേധത്തിനു കാരണമായത്.

മൂക്കിനു മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചയാളെയാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ’– തൊരപ്പൻ കൊച്ചുണ്ണി എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയിൽ ഈ കഥാപാത്രം പറയുന്നുണ്ട്.

എന്നാല്‍ ചിത്രത്തിനു ഷാഫിയോട് സാമ്യം തോന്നിയതാണ് വിവാദത്തിനു കാരണമായത്. ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പ്രതികരിച്ചു. മിൽമയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്കു താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകാൻ കഴിയാതെ അവരുമായി തർക്കിച്ച വിദ്യാർഥിയെ കാരിക്കേച്ചറാക്കി കഴിഞ്ഞ ദിവസം മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മിൽമ അധികൃതർക്കു പരാതി നൽകിയതോടെ പരസ്യം പിൻവലിച്ചിരുന്നു.

ENGLISH SUMMARY:

Milma advertisement sparks controversy due to resemblance to Shafi Parambil, leading to its withdrawal. The advertisement, featuring a character with a plaster on his nose, was perceived as mocking the injured MP, prompting backlash and prompting Milma to pull it down.