കൊച്ചിയില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട ട്രെയിന്‍ യാത്രികന്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ശബരി എക്സ്പ്രസിലെ യാത്രക്കാരനായ നാഗരാജു(67)വാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ആന്ധ്രാസ്വദേശിയായ നാഗരാജു ക്ഷേത്രദര്‍ശനത്തിനായി കേരളത്തിലെത്തി മടങ്ങുകയായിരുന്നു. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ച നാഗരാജു എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഭക്ഷണം വാങ്ങാനിറങ്ങിയതായിരുന്നു.
ഭക്ഷണം വാങ്ങുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതു കണ്ടതും നാഗരാജു തിരികെ ട്രെയിനിലേക്ക് ഓടികയറാന്‍ ശ്രമിച്ചു. പക്ഷേ കാല്‍ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെട്ടു. ട്രെയിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട് ഉരഞ്ഞ് നീങ്ങുന്നത് പോര്‍ട്ടറായ രമേഷിന്‍റെ ശ്രദ്ധയില്‍പ്പെട്ടതാണ് രക്ഷയായത്. നൊടിയിടയില്‍ നാഗരാജുവിനെ രമേഷ് പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റിയതോടെ വന്‍ദുരന്തമാണ് ഒഴിവായത്. യാത്രക്കാർ ചങ്ങല വലിച്ചതോടെ ഉടന്‍ തന്നെ ട്രെയിനും നിര്‍ത്തി. ഓടിയെത്തിയ റെയില്‍വേ പൊലീസടക്കമുള്ളവര്‍ നാഗരാജുവിനെ പരിശോധിച്ചു. ഗുരുതരമായ പരുക്കല്ലെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ അതേ ട്രെയിനില്‍ നാഗരാജു യാത്ര തുടര്‍ന്നു. പത്തുമിനിറ്റോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.