സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണത്തിലും സൈബർ ആക്രമണത്തിലും പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണൻ അറസ്റ്റിൽ. ഒന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗോപാലകൃഷ്ണന്റെ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് ഗോപാലകൃഷ്ണൻ ആയിരുന്നുവെന്ന് കെ.ജെ.ഷൈൻ ആരോപിച്ചിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ എടുത്ത കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനായി ഗോപാലകൃഷ്ണൻ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ് ഗോപാലകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചതോടെ ഹർജി കോടതി തീർപ്പാക്കി. ഇതിനുശേഷമാണ് ഗോപാലകൃഷ്ണൻ ഇന്ന് ഉച്ചയോടെ എറണാകുളം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഗോപാലകൃഷ്ണനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കെ.ജെ.ഷൈൻ നൽകിയ പരാതിയിൽ വിവരങ്ങൾ തേടി ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് എറണാകുളം റൂറൽ സൈബർ പൊലീസ് കത്തു നൽകിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്കു അധിക്ഷേപ പോസ്റ്റുകൾ നിർമിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.