ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തില്‍ വിശദീകരണവുമായി സിപിഎം. നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ നല്‍കിയെന്ന വാദം ഭക്തരെ തെറ്റിദ്ധരിപ്പിക്കാനെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഭഗവാന്‍റെ പേരില്‍ കള്ളം പഞ്ഞാല്‍ ഭഗവാന്‍ പൊറുക്കില്ലെന്നും ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് വള്ളസദ്യ നല്‍കിയ നടപടി ആചാരലംഘനമെന്ന് കാണിച്ച് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്നായിരുന്നു തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്ത്. 'കഴിഞ്ഞ അഷ്ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം' എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിച്ചു. എന്നാല്‍ നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ നല്‍കിയില്ലെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
''മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികൾ രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ എത്തി. 11നാണ് ചടങ്ങ് തുടങ്ങുക എന്ന് ഭാരാവാഹികൾ അറിയിച്ചതിനെ തുടർന്ന് ദേവസ്വം ഓഫീസിൽ വിശ്രമിച്ചു. തുടർന്ന് 11 മണിയോടെ കൊടിമരച്ചുവട്ടിൽ എത്തി. 11.5 ന് അവിടെ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ഉൾപ്പെടെ ഭാരവാഹികൾ സന്നിഹിതരായിരുന്നു. തുടർന്ന് മേൽശാന്തി ശ്രീകോവിലിനുള്ളിൽ ഭഗവാന് സദ്യ നേദിച്ചു. 11.20ന് ആ ചടങ്ങുകൾ പൂർത്തിയായി. തുടർന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി. പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വെറ്റില പുകയില നൽകി വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. 11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ടത്'', സിപിഎം ജില്ലാ കമ്മിറ്റി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, അഷ്ടമി രോഹിണി വള്ളസദ്യ ദേവന് മുൻപേ മന്ത്രിക്ക് നൽകിയതിൽ നടപടി സ്വീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു. അഷ്ടമിരോഹിണി സദ്യയിൽ പങ്കെടുത്ത പാർട്ടി നേതാക്കൾ ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിഹാരക്രിയകളിൽ ഭക്തിയോടെ പങ്കെടുക്കണം. ഭക്തനോ വിശ്വാസിയോ അല്ലാത്ത വി.എൻ വാസവനും സിപിഎം നേതാക്കളും ഇപ്പോൾ അണിയുന്നത് മുഖംമൂടിയാണെന്നും പഴകുളം മധു പറഞ്ഞു.