തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിലെ 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. 2020 - 21 കാലയളവിലെ തിരുവാഭരണ റജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന്‍റെ കുറവ് സംസ്ഥാന ഒാഡിറ്റ് വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒാഡിറ്റ് റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയിട്ടില്ല.
വൈക്കം മഹാദേവക്ഷേത്രത്തില്‍ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണമാണ് കാണാതായത്. ഇത് പരാതിയോ, ആരോപണമോ അല്ല. സംസ്ഥാന ഓഡിറ്റ് വകുപ്പാണ് ഇൗ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. സ്വര്‍ണം, വെളളി ഉരുപ്പടികളെക്കുറിച്ച് രേഖപ്പെടുത്തുന്ന തിരുവാഭരണ റജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 2020 21 കാലയളവില്‍ 255 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവാണ് ഉളളത്.
സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ദേവസ്വം ബോർഡിനായുളള വിഭാഗമാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒാഡിറ്റ് പൂര്‍ത്തിയാക്കിയത്. സ്ട്രോങ് റൂമില്‍ 199 സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിച്ചപ്പോള്‍ 2992 ഗ്രാം സ്വര്‍ണം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുളളുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് ദേവസ്വം ബോര്‍ഡ‍് മൗനം പാലിക്കുകയാണ്.
സ്വര്‍ണം കാണാതായതിനെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് സംസ്ഥാന ഒാഡിറ്റ് വകുപ്പ് ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ചതാണ്. എന്നാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ഇതിന് മറുപടി നല്‍കാതെ പൂഴ്ത്തിവച്ചെന്നാണ് വിവരം.