ശബരിമലയുമായി ബന്ധപ്പെട്ട് എല്ലാ ദുരൂഹതകളും നീക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും ആറാഴ്ച കൂടി ക്ഷമിക്കണം. പ്രത്യേക അന്വേഷണത്തിലൂടെ എല്ലാ കാര്യങ്ങളിലും കൃത്യത വരും. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി മറ്റന്നാളത്തെ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിക്കും. തനിക്കെതിരെ തെളിവുണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്നും പ്രശാന്ത് തിരുവനന്തപുരത്ത് പറഞ്ഞു
Also Read: ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യമിട്ടത് 2 കിലോ സ്വര്ണം; സ്പോണ്സര് വേഷം തട്ടിപ്പ്
അതേസമയം, ശബരിമലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങൾ വിജിലൻസ് റിപ്പോർട്ടിൽ. ദേവസ്വം ബോർഡിനെ സംശയിക്കുന്നതിനൊപ്പം നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡ് ജീവനക്കാർക്കുമൊപ്പം 2019 ലെ ദേവസ്വം ബോർഡ് ഭരണസമിതിയും കേസിൽ പ്രതികളായി. രണ്ട് കിലോ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ആസൂത്രണ വഴികൾ തെളിഞ്ഞതിനൊപ്പം ചെമ്പല്ല സ്വർണപ്പാളിയെന്ന് രേഖപ്പെടുത്തി വിയോജനക്കുറിപ്പ് എഴുതിയ തന്ത്രി കണ്ഠരര് രാജീവരെയും ഉദ്യോഗസ്ഥർ കബളിപ്പിച്ചതായി കണ്ടെത്തി. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ശബരിമലയിലെ സ്വർണ കൊള്ളയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ല. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയിക്കേണ്ടി വരും. നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്റെ വീഴ്ചയാണ്. ബോർഡിനെതിരെയും തുടർനടപടി വേണമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരും ഉണ്ണിക്കൃഷ്ണൻ പോറ്റിയും മാത്രം അറിഞ്ഞ് ശബരിമലയിലെ സ്വർണം കടത്താനാവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ 2019 ൽ എ.പത്മകുമാർ പ്രസിഡൻ്റായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി കേസിൽ എട്ടാം പ്രതിയായി.
ശബരിമലയുടെ കാര്യത്തിൽ അന്തിമ വാക്കായ തന്ത്രിയെയും കബളിപ്പിച്ചതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. സ്വർണ്ണപ്പാളിയാണ് ചെമ്പല്ലെന്ന് വ്യക്തമാക്കി 19.07.2019 ലെ മഹസറിൽ തന്ത്രി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഒപ്പിട്ടു. അടുത്ത ദിവസത്തെ അനുമതി പത്രത്തിൽ തന്ത്രിയുടെ പേര് മാത്രം ഒപ്പില്ല. ഇത് ദേവസ്വം ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.