Image Credit: Instagram.com/actorjayakrishnan

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്ക് നേരെ നടന്‍ ജയകൃഷ്ണന്‍ നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍. ഓണ്‍ലൈനായി ടാക്സി ബുക്ക് ചെയ്ത ശേഷം ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു വർഗീയ പരാമർശം. ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ജയകൃഷ്ണനെതിരെ  മംഗളുരു ഉർവ പൊലീസാണ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരനോട് ജയകൃഷ്ണൻ മാപ്പു ചോദിക്കുകയും ചെയ്തു. 

വ്യാഴാഴ്ച രാത്രി ജയകൃഷ്ണനും സുഹൃത്തുക്കളും മംഗളുരു ബെജായ് ന്യൂ റോഡിൽ നിന്ന് യാത്രക്കായി ഓൺലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. പിക്ക് അപ്പ് പോയിന്റ് ഉറപ്പിക്കാനായി ടാക്സി ഡ്രൈവർ അഹമ്മദ് ഷക്കീർ ആപ്പ് വഴി വിളിച്ചപ്പോൾ സംഭാഷണം അവസാനിക്കുന്നതിന് മുൻപായി മുസ്‌ലിം തീവ്രവാദിയാണ് ഡ്രൈവറെന്ന് കൂടെ ഉണ്ടായിരുന്നവരോട് പറയുകയായിരുന്നു. ഇതു കേട്ട ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ മലയാളത്തിൽ ഡ്രൈവറുടെ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തുകയായിരുന്നു.

സംസാരത്തിനിടെ ജയകൃഷ്ണൻ ഹിന്ദിയിൽ വർഗീയ പരാമർശം നടത്തി ആക്രോശിച്ചതായാണ് ഡ്രൈവറുടെ പരാതി. മലയാളത്തിൽ അധിക്ഷേപകരമായി സംസാരിച്ചുവെന്നും ചോദ്യം ചെയ്തപ്പോൾ വീണ്ടും അധിക്ഷേപിച്ചെന്നും ഡ്രൈവർ പരാതിപ്പെട്ടു. ജയകൃഷ്ണൻ, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കെതിരെയാണ് മംഗളുരു ഉർവ പൊലീസാണ് കേസെടുത്തത്. 

പ്രകോപനം ഉണ്ടാക്കൽ, വിദ്വേഷ പരാമർശം വഴി പൊതു സമാധാനം തകർക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

Malayalam actor Jayakrishnan was booked by Mangaluru Police for making severe communal remarks, calling an online taxi driver a 'Muslim extremist' and verbally abusing him. The actor later apologized to the complainant at the police station.