വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനായ വിവേക് കിരണിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന്റെ രേഖകൾ പുറത്തുവന്നു. 2018-ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. "വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം" എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്.
വിവേക് കിരണിന് സമൻസ് അയച്ച അന്നേ ദിവസം തന്നെ ഇതേ കേസിൽ ഹാജരായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവിൽ ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
രണ്ടു വർഷത്തിലേറെയായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകൾ മലയാള മനോരമയാണ് ഇപ്പോൾ പുറത്തുവിട്ടത്. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനായി വിളിച്ച വിവേക് കിരണിനെ പിന്നീട് എന്തുകൊണ്ട് ഈ കേസിൽ നിന്ന് ഒഴിവാക്കി, തുടർനടപടികൾ എന്തുകൊണ്ട് ഉണ്ടായില്ല എന്നതിനെക്കുറിച്ച് ആശയ വ്യക്തത വന്നിട്ടില്ല. നിലവിൽ കേസിൻ്റെ വിചാരണ നടപടികൾ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ പുരോഗമിക്കുകയാണ്.
2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തി.
ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും ക്രമക്കേടിൽ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്.
എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇ.ഡി. നിലവില്‍ സമര്‍പ്പിച്ചത് പ്രാഥമിക കുറ്റപത്രം മാത്രമാണെന്നും കൈക്കൂലി പണത്തിന്റെ ഉറവിടത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് ഒരു തവണ സമന്‍സ് അയച്ചിരുന്നെന്നും ഇ.ഡി. അധികൃതര്‍ വ്യക്തമാക്കി. കേസിൽ ഈജിപ്ഷ്യൻ പൗരനും പ്രതിയാണ്. ഇയാളെ കണ്ടെത്താനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും വിചാരണ വൈകുകയാണ്.