നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു. സൂപ്പർ ഫാസ്റ്റ് മുതലുള്ള താഴോട്ടുള്ള ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യ യാത്ര ലഭിക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർക്കും സൗജന്യയാത്ര ലഭിക്കും. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് ഉടൻ തന്നെ തീരുമാനമെടുത്ത് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രഖ്യാപനം നടത്തുന്നതിനിടെ ബഹളം വെച്ച പ്രതിപക്ഷത്തിനെതിരെ മന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷത്തിന് ഇത് ഒരു വലിയ കാര്യമല്ലായിരിക്കാം. എന്നാൽ പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം 'ഷെയിം ഷെയിം' എന്ന് ആക്രോശിക്കുകയാണ്. പ്രതിപക്ഷത്തിന് ഇത് ലജ്ജാകരമായി തോന്നാം. പക്ഷേ, രോഗികളെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.