ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അയ്യപ്പസംഗമത്തിലടക്കം പിന്തുണ നല്‍കിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കു മാത്രമായി തട്ടിപ്പ് നടത്താനാവില്ല. ദേവസ്വംബോര്‍ഡിന് പകരം സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംവിധാനം വരണമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢ സംഘങ്ങൾ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം മുഖമാസിക യോഗനാദത്തിലെ മുഖപ്രസംഗത്തിലും വിമര്‍ശനമുണ്ടായിരുന്നു. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഈ ഗൂഢ സംഘങ്ങളെന്നും കുറ്റപ്പെടുത്തുന്നു. അതേസമയം അയ്യപ്പസംഗമം നടത്താൻ പോയി വാല്‍ മുറിഞ്ഞ അവസ്ഥയിലാണ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചു. ഇടത് അനുഭാവികള്‍ക്കിടയില്‍പോലും സര്‍ക്കാരിനെതിരെ അതിശക്ത പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
വിവാദത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിപക്ഷം വിഷയത്തിൽ പൂർണ്ണ തൃപ്തരാണോയെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.