TOPICS COVERED

പി.വി. ശ്രീനിജൻ എംഎൽഎക്കെതിരെ അസഭ്യവർഷവുമായി യുവാവ്. ഫെയ്സ്ബുക്കിലൂടെയാണ് ജാതിപറഞ്ഞ് എംഎല്‍എയെ അധിക്ഷേപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി.  അതേസമയം ജാതി പറയുന്നതിൽ തനിക്ക് അഭിമാനമേയുള്ളു. എന്നാല്‍ അതിനൊപ്പം മോശം പരാമര്‍ശങ്ങളും യുവാവ് നടത്തുന്നു. ഇത്തരം ആളുകൾക്കെതിരെ നിയമനടപടി വേണമെന്നും സമൂഹം അവരെ ഒറ്റപ്പെടുത്തണമെന്നും ശ്രീനിജൻ മനോരമ ന്യൂസിനോട് പറഞ്ഞു.

'അശ്ലീല പരാമര്‍ശം എന്നേ അതിനെ പറ്റി പറയാനുള്ളൂ. ഏതൊരാള്‍ക്കും അവരുടെ വീട്ടിലിരുന്ന് പൊതുമധ്യത്തിലേക്ക് എന്തും വിളിച്ചുപറയാവുന്ന തരത്തിലേക്ക് ഇന്ന് ആളുകള്‍ മാറിയിരിക്കുകയാണ്. രാഷ്ട്രീയ എതിര്‍പ്പുള്ള ആളുകളോട് കൃത്യമായ ഭാഷയില്‍ വിമര്‍ശിക്കാം. എന്നാല്‍ എല്ലാ പരിധികളും സീമകളും ലംഘിച്ചുകൊണ്ട് ഇത്തരത്തിലുള്ള അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിന്നും അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു. അത് ഫേക്ക് ഐഡിയില്‍ നിന്നുപോലുമല്ല. ഇത്തരം ആളുകളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. അവരെ ഒറ്റപ്പെടുത്തണം'. നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീനിജന്‍ പറഞ്ഞു. 

ജാതിപ്പേര് വിളിച്ചത് അധിക്ഷേപമായി കണക്കാക്കുന്നില്ലെന്ന് ആവര്‍ത്തിച്ച എംഎല്‍എ, പക്ഷേ അതിനോട് ചേര്‍ത്തുകൊണ്ട് വളരെ മോശം പരാമര്‍ശങ്ങളാണ് യുവാവ് നടത്തിയതെന്നും അത് മര്യാദകേടാണെന്നും വിശദീകരിക്കുന്നു. യുവാവിന് കൗണ്‍സിലിങ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മാനസിക പ്രശ്​നങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ തെറി വിളിച്ചുകൊണ്ടാവരുത്. അദ്ദേഹത്തിന് ചികില്‍സ കിട്ടട്ടെ എന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിജന്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

PV Sreenijan MLA is facing abuse and casteist slurs on Facebook, leading to a police investigation. The MLA has responded, condemning the abusive language and emphasizing the need for societal awareness and legal action against cyberbullying.