sam-jessy-body

തന്റെ അവിഹിതബന്ധങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യയായ ജെസിയെ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് സാം കൊലപ്പെടുത്തിയത്. കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം പത്തു ദിവസങ്ങള്‍ക്കു മുന്‍പേ സാം കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങൾക്കു മുൻപ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

sam-jessy

സാമിനു പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഇതേച്ചൊല്ലി പലതവണ ജെസിയുമായി വഴക്കുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 59–ാം വയസ്സിലാണ്  ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സിന് സാം എംജി യൂണിവേഴ്സിറ്റിയിൽ ചേർന്നത്. അവിടെ സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയിൽ എത്തി. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപും വഴക്ക് നടന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 

jessy-police

ജെസി വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ്. ദിവസവും അമ്മയെ ഫോൺ വിളിക്കാറുള്ള മക്കൾ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. 1994ൽ ബെംഗളൂരുവിലെ വിവേക് നഗറിൽ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. 

lady-death

ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് ഇവരുടെ വീട്. ജെസിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനായി ആളൊഴിയുന്നതുവരെ സാം കാത്തുനിന്നു. രാത്രി വൈകിയും സഞ്ചാരികൾ വാഹനം നിർത്തിയിറങ്ങി നിൽക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാൽ പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി സാം ചെപ്പുകുളത്ത് എത്തിയത്. നാട്ടിൽനിന്നു മുങ്ങിയ സാമിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസും നീങ്ങി. തൊടുപുഴയിൽ ഇയാൾ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുൻപേ  വിദേശ വനിതയ്ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.

jessy-murder

50 അടി താഴ്ചയിൽ ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ഇന്നലെ വൈകിട്ട് ആറരയോടെ തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് മുകളിലെത്തിച്ചത്. തുടർന്ന് അവിടെത്തന്നെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസിനൊപ്പം കരിമണ്ണൂർ പൊലീസും സ്ഥലത്ത് എത്തിയാണ് നടപടികൾ സ്വീകരിച്ചത്.

ENGLISH SUMMARY:

Wife Murder: Sam meticulously planned and executed the murder of his wife Jessy due to disputes over his extramarital affairs. He disposed of her body at Cheppukulam viewpoint after suffocating her at their home in Kaanakkari.