ശബരിമല ദ്വാരപാലകരുടെ പാളികള്‍ ഇഷ്ടാനുസരം കൈകാര്യം ചെയ്തെന്ന് സമ്മതിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. അതിന് ദേവസ്വം ബോര്‍ഡ് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം പൂശാനുള്ള ചെമ്പ് പാളികള്‍ ബെംഗളൂരുവിലെ വീട്ടിലെത്തിച്ചെന്നും ദിവസങ്ങളെടുത്താണ് ചെന്നൈയിലേക്കു കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മനോരമ ന്യൂസിനോട് പറഞ്ഞു.
റെക്കോര്‍ഡ് ചെയ്യില്ലെന്നും പ്രക്ഷേപണം ചെയ്യുകയും ചെയ്യില്ലെന്ന ഉറപ്പിലാണ് വിവാദ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനും ഭാര്യയും മനോരമ ന്യൂസുമായി വിശദമായി സംസാരിച്ചത്. ആരോപണങ്ങളോട് ഇരുവരും അവരുടെ വാദങ്ങള്‍ നിരത്തി. പക്ഷേ പലതും വിചിത്രവും മലയാളിക്ക് മനസിലാകാത്തതുമാണ്. ഈ കാണുന്ന സ്വര്‍ണ നിറത്തിലുള്ള ദ്വാരപാലക ശില്‍പത്തിന്‍റെ ഭാഗങ്ങളാണ് തിളക്കം കൂട്ടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ഇളക്കിയെടുത്ത് 2019 ജൂലൈ 20ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയത്. ഈ പാളികള്‍ ചെന്നൈയിലെ സ്വര്‍ണം പൂശുന്ന സ്ഥാപനത്തിലെത്തിക്കുന്നതിനു പകരം നേരെ ബെംഗളുരുവിലേക്കാണു പോയത്.
അതിനുള്ള കാരണമാണു വിചിത്രം. ഭക്തര്‍ ദര്‍ശനം നടത്തിയാല്‍ വീട്ടില്‍ മടങ്ങിയെത്തിയതിനുശേഷമേ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറൊള്ളൂ. ഈപതിവുള്ളതിനാലാണ് സ്വര്‍ണപാളികളുമായി ബെംഗളുരുവിലേക്കു പോയതെന്നാണു വാദം.
ദിവസങ്ങള്‍ കഴിഞ്ഞാണു പാളികള്‍ ചെന്നൈയിലെത്തിച്ചതെന്നും സമ്മതിച്ചു. 2019 സെപ്റ്റംബര്‍19നു തിരികെ ഏല്‍പ്പിക്കണമെന്ന വ്യവസ്ഥ മാത്രമേ തിരുവിതാംകൂര്‍ ദേവസ്വവുമായി ഉണ്ടായിരുന്നൊള്ളൂ. ഉടനെ ചെന്നൈയിലേക്കു കൊണ്ടുപോകണമെന്നു നിര്‍ദേശമുണ്ടായിരുന്നില്ലെന്നുമാണ് ഇതിനുള്ള ന്യായം. തിരികെ നല്‍കുമ്പോള്‍ ഇത്ര കിലോ തൂക്കമുണ്ടാകണമെന്ന വ്യവസ്ഥ ഉണ്ടിയിരുന്നില്ലെന്നും പോറ്റി വെളപ്പെടുത്തി. 15 ലക്ഷം രൂപ മുടക്കി 49 പവന്‍ സ്വര്‍ണം മുടക്കിയാണ് ചെമ്പ് പാളികള്‍ സ്വര്‍ണം പൂശിയതെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അവകാശപ്പെടുന്നത്.കൊടുത്തത് സ്വര്‍ണനാണയമായാണെന്ന് മറ്റൊരു സ്പോണ്‍സറായ രമേശ് റാവുവും സ്ഥിരീകരിക്കുന്നുണ്ട്.