പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടതിന്‍റെ പേരില്‍ ജീവനക്കാരെ ഗതാഗത മന്ത്രി പരസ്യമായി ശകാരിച്ച ബസിനു പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല. KL.15 A 0209 എന്ന ബസിന്‍റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞു. 2025 ഓഗസ്റ്റ് 7 നു കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് പിന്നീട് പുതുക്കിയില്ല.
ഇന്നലെ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ ഒയൂരില്‍ വെച്ചാണ് ബസ് കൈകാണിച്ച് നിര്‍ത്തിയത്. പത്തനാപുരത്തേക്ക് വരികയായിരുന്ന മന്ത്രി എതിര്‍ ദിശയില്‍ നിന്നു വന്ന ബസിന്‍റെ മുന്‍ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടതിനെ തുടര്‍ന്ന് പിന്നാലെ പോയി ബസ് കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെയുള്ള ജീവനക്കാരെ ബസില്‍ നിന്നു പുറത്തിറക്കിയതിനുശേഷമായിരുന്നു വൃത്തിയായി സൂക്ഷിക്കാത്തതിനു ജീവനക്കാരെ ശകാരിച്ചത്.
ഇനിയാണ് ട്വിസ്റ്റ് . ഇതാണ് ബസിന്‍റെ ആര്‍.സി വിവരങ്ങള്‍. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവവധി കഴിഞ്ഞത് 2025 ഓഗസ്റ്റ് 7 നു. പ്ലാസ്റ്റിക് കുപ്പികള്‍ ബസില്‍ സൂക്ഷിച്ചതിനു ജീവനക്കാരെ ശകാരിക്കാം. എന്നാല്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് കാലവധി കഴിഞ്ഞിട്ടും പുതുക്കാത്തതിനു ആരെ പരസ്യമായി ശകാരിക്കും എന്നതാണ് ചോദ്യം. മന്ത്രിയുടേത് ഷോയെന്നായിരുന്നു ഇന്നലെ തന്നെ സോഷ്യല്‍ മീഡിയയില്‍ കമന്‍റ് നിറഞ്ഞത്. കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞിട്ടത്. യാത്രക്കാരുള്ളതില് കൂടുതല്‍ സമയം നിര്‍ത്താതെ ബസ് യാത്ര തുടരാന്‍ ആവശ്യപ്പെട്ടു.