ജി.എസ്.ടി പരിഷ്കരണത്തിന് പിന്നാലെ 100 നൂറിൽ കുതിച്ച് ഇരുചക്രവാഹന വിപണി. 350 സി.സിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ വില്‍പനയാണ് കുത്തനെ ഉയർന്നത്. 10,000 മുതൽ 25,000 രൂപ വരെ വാഹനങ്ങൾക്ക് വിലകുറഞ്ഞത് ആഘോഷമാക്കുകയാണ് ഉപഭോക്താക്കളും.
ഇരുചക്രവാഹനം വാങ്ങാൻ ഇതിലും നല്ല സമയം വേറെ ഇല്ലെന്നാണ് വില്‍പനക്കാരും ഉപഭോക്താക്കളും ഒരേ സ്വരത്തിൽ പറയുന്നത്. 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായാണ് കുറഞ്ഞത്. ജനപ്രിയ ബ്രാൻഡുകളുടെ വിലയിൽ 10,000 മുതൽ 25,000 വരെ മാറ്റമുണ്ടായി. മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കൾ ഉടൻ വില കൂട്ടിയേക്കും എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതോടെ ഈ ദിവസങ്ങളിൽ വിൽപ്പനയുടെ ഗ്രാഫ് കുത്തനെ ഉയർന്നു. സെപ്റ്റംബർ 22 മുതലുള്ള വിൽപ്പനയിൽ മുൻ മാസങ്ങളേക്കാൾ 40 ശതമാനത്തിൽ ഏറെയാണ് വർധന
അതേസമയം 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ള നികുതി 28 ൽ നിന്നും 40 ശതമാനമായി ഉയർന്നിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നേരത്തെയുള്ള അഞ്ചു ശതമാനത്തിൽ തുടരുന്നതിനാൽ വില്പനയിൽ മാറ്റമില്ല.