പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ. പ്രതികൾക്ക് പരോൾ നൽകിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസ് ഒന്നാംപ്രതി എ.പീതാംബരൻ, രണ്ടാംപ്രതി സജി സി.ജോസഫ്, ഏഴാം പ്രതി അശ്വിൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. അഞ്ചാംപ്രതി ഗിജിൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്ന സുരേന്ദ്രൻ എന്നിവരുടെ പരോൾ അപേക്ഷയിൻ ജയിൽ ഉപദേശക സമിതി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം എടുക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നാലാംപ്രതി സുബിഷ് , എട്ടാം പ്രതി അനിൽകുമാർ എന്നിവർക്ക് കഴിഞ്ഞമാസം പരോൾ അനുവദിച്ചിരുന്നു. ഇതിനെതിരെ കല്യോട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. പിന്നാലെയാണ് ഒന്നാം പ്രതിക്ക് ഉൾപ്പെടെ ആഭ്യന്തരവകുപ്പ് പരോൾ അനുവദിച്ചത്.
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തി പരോൾ അനുവദിക്കുന്നതിനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികൾക്ക് പരോൾ അനുവദിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് തള്ളിക്കൊണ്ട് ജയിലിൽ ഉപദേശക സമിതിയാണ് പരോൾ നൽകാൻ ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്തത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കയറരുതെന്ന ഉപാധിയിലാണ് പരോൾ. ഇതോടെ പരോൾ ലഭിച്ച പ്രതികൾ ജില്ലയിലെ ബന്ധു വീടുകളിൽ കഴിയുകയാണ്.
പൊലീസ് റിപ്പോർട്ട് അവഗണിച്ച് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് വലിയ പ്രതിഷേധം ആണുള്ളത്. കഴിഞ്ഞ മാസം ഉണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഒന്നാം പ്രതിക്ക് ഉൾപ്പെടെ പരോൾ ലഭിച്ചതോടെ ജാഗ്രതയിലാണ് പോലീസ്. അതിനിടെ കേസിലെ അഞ്ചാംപ്രതി ഗിജിന്‍റെ പിതാവും സിപിഎം പ്രവർത്തകനുമായ ഗംഗാധരൻ നായർക്ക് മർദ്ദനമേറ്റു. ഇന്നലെ വൈകിട്ട് ഉണ്ടായ അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.