TOPICS COVERED

സഹ ജീവികളോട് കരുണ കാണിക്കുന്ന, മറ്റുള്ളവന്‍റെ വേദനയില്‍ സഹായിക്കാന്‍ മനസുകാണിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിക്കുമ്പോള്‍ മാതൃകയാവുകയാണ് പാരിപ്പിള്ളി സ്വദേശി ഷിഫ്ന. കൊല്ലം പാരിപ്പള്ളിക്കടുത്ത് മുക്കട ജങ്ഷനിൽ മകനെ സ്കൂൾ ബസ്സിൽ കയറ്റാൻ എത്തിയതാണ് ഷിഫ്ന.

അപ്പോഴാണ് ബൈക്കിൽ മീനുമായി എത്തിയ ആളുടെ വണ്ടി പിന്നോട്ട് ഉരുണ്ട് അവിടെ നിന്ന ഒരു കെഎസ്ആർടിസി ബസ്സിൻ്റെ പിന്നിൽ ഇടിച്ച് മറിഞ്ഞത്. വണ്ടിയിൽ വിൽക്കാൻ കൊണ്ടുവന്ന മീൻ മുഴുവൻ റോഡിൽ താഴെ വീണു. കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്നും ഇറങ്ങി മീൻകാരനോട് സംസാരിക്കുന്നതിനിടെ ഷിഫ്‌ന കണ്ടത്, താഴെ റോഡിൽ വീണ് കിടക്കുന്ന മീനുകളും അതിലൂടെ കയറി ഇറങ്ങി പോകുന്ന വണ്ടികളുമാണ്.

ഉടനടി, മറ്റൊന്നും ആലോചിക്കാതെ, അവിടെ നടക്കുന്ന ബഹളം ഒന്നും ശ്രദ്ധിക്കാതെ, ആ മീനുകളെല്ലാം വാരി മീൻകാരന്‍റെ പെട്ടിയിൽ ഇട്ട് കൊടുക്കുകയാണ് ഷിഫ്ന ചെയ്തത്. രാത്രിയോടെ പടം പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമായിരുന്നെന്ന് ഷിഫ്ന പറയുന്നു. ഭർത്താവ് ഷമീർ ഗൾഫിലാണ്. മകൻ മുഹമ്മദ് നിയാൽ എൽകെജി വിദ്യാർഥിയാണ്. മനോരമ കൊല്ലം ചീഫ് ഫോട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചിരിയിലാണ് ബസിലിരിക്കുമ്പോൾ ഷിഫ്നയുടെ നന്മയുടെ ചിത്രം പകർത്തിയത്.

ENGLISH SUMMARY:

Kindness shines through in unexpected moments. Shifna's selfless act of helping a fish vendor after an accident exemplifies compassion and inspires others to show kindness.