സി.പി.ഐയിൽ നിലനിന്നിരുന്ന വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് പറവൂർ മേഖലയിൽ നൂറിലധികം പേർ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചു. കളമശ്ശേരി, പറവൂർ മണ്ഡലങ്ങളിലായി ദീർഘനാളായി സി.പി.ഐ.യിൽ വിഭാഗീയത നിലനിന്നിരുന്നു.
സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് വിഭാഗീയത വർദ്ധിപ്പിച്ചത്. ഇതിനെ തുടർന്ന് പലപ്പോഴായി പ്രവർത്തകർ പാർട്ടി വിട്ടിരുന്നു. ഇവർ സംഘടിതരായാണ് ഇപ്പോൾ സി.പി.എമ്മിൽ ചേരാൻ ഒരുങ്ങുന്നത്.
നാളെ വൈകുന്നേരം 5:30-ന് പറവൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇവർക്ക് സി.പി.എമ്മിലേക്ക് ഔദ്യോഗികമായി പ്രവേശനം നൽകും. സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പങ്കെടുക്കുന്ന ചടങ്ങിൽ പാർട്ടി വിട്ടവരെ സ്വാഗതം ചെയ്യും. സി.പി.ഐ.യിൽ നിലനിന്നിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഇപ്പോൾ കൂട്ടരാജിയിലേക്കും പ്രവർത്തകർ സി.പി.എമ്മിലേക്ക് പോകുന്നതിലേക്കും എത്തിയിരിക്കുകയാണ്.