New Delhi 2025 August 05 : VD Satheesan ( Leader of the Opposition (UDF) in the 15th Kerala Legislative Assembly) at Kerala House , New Delhi . @ Rahul R Pattom
എന്‍.എസ്.എസിനെ അനുനയിപ്പിക്കാനില്ലെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അനുനയിപ്പിക്കാനുള്ള ശ്രമം വിഫലമായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നിങ്ങളോടാരാ പറഞ്ഞത് എന്ന മറുചോദ്യമാണ് സതീശന്‍ ഉന്നയിച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന ചോദ്യത്തിന് അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു ഉത്തരം. ഞങ്ങളുടേത് രാഷ്ട്രീയതീരുമാനമാണ്. പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.
എൻഎസ്എസ്– എസ്എൻഡിപി നിലപാടിൽ കോൺഗ്രസിന് ഒരു ആശങ്കയുമില്ല. എൻഎസ്എസിന്റെ നിലപാടിനെതിരെ പരാതി പറഞ്ഞിട്ടില്ല. അതൊരു സമുദായിക സംഘടനയാണ്. മാറിയത് ഞങ്ങളല്ല. അന്നെടുത്ത നിലപാടും ഇന്നെടുത്ത നിലപാടും ഒന്നാണ്. ഓരോ വിഷയത്തിനും സമുദായിക സംഘടനകൾക്ക് നിലപാട് എടുക്കാം. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കേണ്ട എന്നത് രാഷ്ട്രീയ നിലപാട്. അത് ആരു പറഞ്ഞാലും മാറ്റില്ലെന്നും സതീശന്‍ പറഞ്ഞു. അയ്യപ്പ സംഗമം പൊളിഞ്ഞു പോയി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി. മറ്റു മതങ്ങളെ കുറിച്ച് വിദ്വേഷം പറയുന്ന ആളുകളെ എഴുന്നള്ളിച്ചു കൊണ്ടിരുത്തി. അതോടെ അവർ പരിഹാസ്യരായെന്നും സതീശന്‍.
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാതിരുന്നത് നന്നായെന്ന് പറഞ്ഞ സതീശന്‍ തങ്ങൾ പരിഹാസ്യരായകുമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കുമ്പോൾ താൻ സദസ്സിൽ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ എന്നും വി.ഡി.സതീശൻ പരിഹസിച്ചു.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കാൻ വിശദീകരണ യോഗവുമായി യുഡിഎഫ് രംഗത്തുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയം തിരുനക്കരയിലാക്ക് വിശദീകരണയോഗം. സംസ്ഥാന വ്യാപകമായി നടത്തുന്ന യോഗത്തിന്റെ തുടക്കമെന്നോണം കോട്ടയത്ത് നടക്കുന്ന വിശദീകരണയോഗം പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർപ്രകാശ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങൾ മുഖേനെ നടത്തുന്ന വികസന സദസ്സ്, പൊലീസ് മർദന പരാതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും നേതാക്കൾ സംസാരിക്കും.