ഭൂട്ടാനില്‍ എത്തിച്ച ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത്തെ വാഹനവും പിടിച്ചെടുത്ത് കസ്റ്റംസ്. നിസാൻ പാട്രോൾ വാഹനമാണ് കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയത്. ഓപ്പറേഷന്‍ നുംഖോറില്‍ ഭാഗമായിട്ടാണ് നടപടി. ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ ദുല്‍ഖറിന്‍റെ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാനില്‍ നിന്നും എത്തിച്ച മൂന്ന് വാഹനങ്ങള്‍ ദുല്‍ഖറിന്‍റെ കയ്യിലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ഹൈക്കോടതയില്‍ നല്‍കിയ ഹര്‍ജി 30 ന് പരിഗണിക്കാനിരിക്കെയാണ് നടപടി. 

ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യംചെയ്താണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. വാഹനത്തിന്‍റെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയതാണ്. കസ്റ്റംസ് രേഖകള്‍ പരിശോധിച്ചില്ല, മുന്‍വിധിയോടെ പെരുമാറി എന്നാണ് ഹര്‍ജിയിലുള്ളത്. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും ഉണ്ടെന്ന് വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നാണക്കേട് ഉണ്ടായി. വാഹനങ്ങൾ പിടിച്ചെടുക്കുന്ന സമയത്ത് തന്നെ കൃത്യമായി രേഖകൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ രേഖകൾ പരിശോധിക്കാൻ പോലും മെനക്കെടാതെയാണ് ധൃതി പിടിച്ച് കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്.തനിക്ക് സ്വർണ്ണക്കടത്ത്, ലഹരിമരുന്ന്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുണ്ടെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായി. ഇത് തന്റെ യശസ്സിന് കളങ്കം ഉണ്ടാക്കിെയന്നും ഹര്‍ജിയില്‍ പറയുന്നു.

ENGLISH SUMMARY:

Dulquer Salmaan's vehicle seizure involves customs confiscating a third car. The Nissan Patrol was seized as part of Operation Numkhor, while Dulquer has approached the High Court regarding the previous seizures and is facing allegations.