ഭൂട്ടാന്‍ വാഹനങ്ങളുടെ കള്ളക്കടത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ ലഭിക്കാന്‍ കൃത്യമായ രേഖകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്. രേഖകളില്ലാത്ത പക്ഷം കള്ളക്കടത്ത് വസ്തു പേരില്‍ ഇവ പിടിച്ചെടുക്കേണ്ടതായി വരുമെന്നും കസ്റ്റംസ് കമ്മീഷണർ ടി ടിജു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആഡംബര വാഹനങ്ങള്‍ ഭൂട്ടാനിലെത്തിച്ച് പലവഴിക്കാണ് ഇന്ത്യയിലെത്തിക്കുന്നതെന്നും കേരളത്തിലുള്ള ഭൂട്ടാന്‍ വാഹനങ്ങള്‍ പൂര്‍ണമായും സൈന്യത്തിന്‍റേതാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്‌സുകളായും കണ്ടെയ്‌നറുകളിലൂടെയും വാഹനങ്ങള്‍ ഇന്ത്യയിലേക്ക എത്തിക്കുന്നുണ്ട്. ഭൂട്ടാനില്‍ നിന്നും ടൂറിസ്റ്റായി ഇന്ത്യയിലേക്ക് എത്തുന്നവര്‍ വാഹനം ഉപേക്ഷിച്ച് പോകുന്നതാണ് മറ്റൊരു രീതി. കൃത്രിമമായി ഉണ്ടാക്കിയ രേഖകള്‍ ഉപയോഗിച്ചാണ് വാഹനം ഹിമാചലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഇതിനായി ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിഝ എംബസികളുടെയും സീലും പേരും വ്യാജ രേഖയുണ്ടാക്കിയെന്നും കമ്മീഷണര്‍ പറഞ്ഞു. ഭൂട്ടാന്‍ വാഹനങ്ങള്‍ വാങ്ങിയതും വിറ്റതും നിയമവരുദ്ധമായ ഇടപാട് വഴിയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
ചലചിത്ര താരങ്ങളുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്‍റെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കേണ്ടിവരും. ഇതിന് സമന്‍സ് അയക്കും. കള്ളക്കടത്ത് വാഹനം ആണെന്ന് അറിഞ്ഞാണോ അറിയാതെയാണോ നടന്മാര്‍ വാഹനം വാങ്ങിയതെന്ന് മൊഴി എടുത്ത ശേഷം മാത്രമെ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ രേഖയില്ലെങ്കില്‍, ഭൂട്ടാനില്‍ നിന്ന് കടത്തി കൊണ്ടുവന്നതാണെങ്കില്‍ കള്ളക്കടത്ത് സാധനം എന്ന നിലയില്‍ ഇവ പിടിച്ചെടുക്കും. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിയമപ്രകാരം സാധിക്കില്ല. തങ്ങുന്ന രാജ്യത്ത് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ഉടമസ്ഥാതയില്‍ വച്ച വാഹനങ്ങള്‍ 160 ശതമാനം തീരുവ നല്‍കി ഇന്ത്യയില്‍ ഉപയോഗിക്കാനാകും. നിയമലംഘനം പിഴയടച്ച് തീര്‍ക്കാന്‍ സാധിക്കില്ലെന്നും പങ്ക് അനുസരിച്ച് അനുസരിച്ച് കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് ഡിഫൻഡറും ലാൻഡ് ക്രൂസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ തൃശൂർ റജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർ ദുൽഖറിന്റെ പേരിലല്ല. ഇതിന്റെ ഉടമയാര് എന്ന് കസ്റ്റംസ് അന്വേഷണമാരംഭിച്ചു. മറ്റ് രണ്ടു വാഹനങ്ങൾക്കായുള്ള അന്വേഷണവും തുടരുകയാണ്. വാഹനം പിടിച്ചെടുത്ത മറ്റൊരു ചലച്ചിത്രതാരം അമിത് ചക്കാലക്കലിനെ ഇന്നലെ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് വിട്ടയച്ചു.