paliyekkara-toll-3

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിൽ ഇന്നും ടോൾപിരിവ് പുനരാരംഭിക്കില്ല. മുരിങ്ങൂരിൽ സർവീസ് റോ‍‍‍ഡ് തകർന്ന് ഗതാഗതതടസമുണ്ടായ സാഹചര്യത്തിലാണ് നടപടി. അറ്റകുറ്റപ്പണിയെപ്പറ്റി ജില്ലാ കലക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടോൾ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേശീയപാത അതോറിറ്റിയും കരാറുകാരും ശക്തമായ സമ്മർദ്ദം ചെലുത്തിയെങ്കിലും ടോൾപ്പിരിവിന് അനുമതി നൽകാൻ ഹൈക്കോടതി തയ്യാറായില്ല. വിഷയം പരിഗണിക്കവെ, എറണാകുളത്തേക്കുള്ള ഭാഗത്ത് മുരിങ്ങൂരിൽ ഇന്നലെ സർവീസ് റോഡ് ഇടിഞ്ഞത് ജില്ല കലക്ടർ ചൂണ്ടിക്കാട്ടി. സർവീസ് റോഡ് തകർന്നതുമൂലം ഗതാഗതതടസമുണ്ടെന്നും കലക്ടർ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ ചെറിയ തടസങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്നായിരുന്നു എൻഎച്ച്ഐഎയുടെ നിലപാട്. 

മുരിങ്ങൂരിലെ പ്രശ്നം പരിഹരിച്ചു വരികയാണെന്നും, താൽക്കാലിക റോഡിലൂടെ ഗതാഗതമുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ റിസ്ക് തുടരുന്നുണ്ടെന്നാണ് കലക്ടർ പറഞ്ഞത്. മുരിങ്ങൂരിലെ പ്രശ്നം പരിഹരിച്ചെങ്കിൽ അക്കാര്യത്തിൽ NHAl കലക്ടർക്ക് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. അത് പരിശോധിച്ച് കലക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോൾപ്പിരിവ് പുനരാംഭിക്കുന്ന കാര്യം തീരുമാനിക്കാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

തട്ടിക്കൂട്ട് പണികൾ ചെയ്ത് ജനങ്ങളുടെയും കോടതിയുടെയും കണ്ണിൽ പൊടിയിടേണ്ട എന്നാണ് നടപടിയിലൂടെ വ്യക്തമായതെന്ന് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Toll collection at Paliyekkara will not resume today. The decision comes after petitioners informed the High Court that the service road at Muringoor had collapsed, affecting traffic. The Thrissur District Collector also informed the court about the service road damage at Muringoor. The High Court asked why the service road had collapsed, emphasizing that the public should not be forced to suffer due to such issues.