thiruvonam-bumper-lottery-2025

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ വില്‍പന റെക്കോഡിലേക്ക് കുതിക്കുന്നു. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. നറുക്കെടുപ്പിന് ഇനി ഒരാഴ്ച ശേഷിക്കെ ഇത് മറികടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പുതിയ ജി.എസ്.ടി നിരക്ക് നാളെ പ്രാബല്യത്തില്‍ വരികയാണ്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിക്കും. ഇത് തിരുവോണം ബംപറിന്‍റെ വില്‍പനയെ ബാധിക്കുമോയെന്ന ആശങ്കകള്‍ക്കിടയിലാണ് റെക്കോര്‍ഡ് കുതിപ്പ്. പാലക്കാടന്‍ ടിക്കറ്റുകള്‍ക്കാണ് ഇത്തവണയും ആവശ്യക്കാരില്‍ ഏറെ. 13.66 ലക്ഷം ടിക്കറ്റുകളാണ് പാലക്കാടുനിന്നും ഇതുവരെ വിറ്റത്.

നറുക്കെടുപ്പിന് മുമ്പ് ടിക്കറ്റുകള്‍ തീരാന്‍ സാധ്യത

നാളെ പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനാല്‍ ലോട്ടറി വകുപ്പിന്‍റെ ജില്ലാ, സബ്ജില്ലാ ഓഫീസുകളില്‍ നിന്ന് ഏജന്‍റുമാര്‍ക്ക് ഇന്ന് കൂടി മാത്രമേ തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയുകയുള്ളൂ. ഇതുവരെ പ്രിന്‍റ് ചെയ്ത 75 ലക്ഷത്തില്‍ 72 ലക്ഷത്തോളം ഏജന്‍റുമാര്‍ വഴി വിപണിയില്‍ എത്തിക്കഴിഞ്ഞു. ബാക്കി ടിക്കറ്റുകള്‍ വില്‍ക്കുന്നതിനായി ലോട്ടറി ജില്ലാ, സബ്ജില്ലാ ഓഫീസുകള്‍ അവധി ദിനമായ ഇന്നും തുറന്ന് പ്രവര്‍ത്തിക്കും. പുതിയ ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വിപണിയില്‍ എത്തുന്ന ടിക്കറ്റുകള്‍ നറുക്കെടുപ്പ് നടക്കുന്ന ഈമാസം 27ന് രണ്ട് മണി വരെ വില്‍ക്കാം. പക്ഷെ, അതുവരെ ടിക്കറ്റ് കാണുമോയെന്ന സംശയമാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. 

സാധാരണ ടിക്കറ്റുകള്‍ വിറ്റ് തീരുന്ന മുറക്ക് ലോട്ടറി വകുപ്പ് ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്ത് വിപണിയില്‍ എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. അതിനാല്‍ വിപണിയിലുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡായിരിക്കും. നറുക്കെടുപ്പിന് രണ്ടോ മൂന്നോ ദിവസം മുമ്പ് തന്നെ ടിക്കറ്റുകള്‍ തീരാന്‍ സാധ്യതയുണ്ട്. ടിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവസാന ദിവസം വരെ കാത്തിരിക്കാതെ നേരത്തെ വാങ്ങുന്നതാണ് നല്ലതെന്നും വ്യാപാരികള്‍ പറയുന്നു. 

ENGLISH SUMMARY:

The Kerala State Thiruvonam Bumper Lottery 2025 is on track to break sales records, with over 70 lakh tickets already sold against last year’s 71.43 lakh. With just a week left for the draw on September 27, demand is surging, especially from Palakkad, which alone accounts for 13.66 lakh tickets. The new GST rate on lotteries, rising from 28% to 40% effective tomorrow, has fueled speculation but hasn’t slowed sales. Out of 75 lakh printed tickets, nearly 72 lakh have reached agents, with the remaining expected to sell out soon. Lottery offices are staying open even on holidays to meet demand, and traders predict tickets may run out well before the draw. Buyers are advised to secure tickets early to avoid last-minute shortages.