ശബരിമല എല്ലാവര്‍ക്കും പ്രാപ്തമായ ആരാധാനാലയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. മാറുന്ന കാലത്തിനനുസരിച്ച് തീര്‍ഥാടകര്‍ കൂടുന്നു. അതുകൊണ്ട് തന്നെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. അതിനായാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ഭക്തരില്‍നിന്നുതന്നെ അഭിപ്രായം തേടുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പസംഗമത്തോട് യഥാര്‍ഥ ഭക്തര്‍ സഹകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്തി പരിവേഷമായവര്‍ക്ക് അജന്‍ഡയും കാണും. അത്തരക്കാര്‍ ഭക്തജനസംഗമം തടയാന്‍ ശ്രമിച്ചു. അത്തരക്കാരുടെ നീക്കങ്ങള്‍ സുപ്രീംകോടതി തള്ളിയെന്നും മുഖ്യമന്ത്രി. യഥാര്‍ഥ ഭക്തന്‍റെ ലക്ഷണങ്ങള്‍ ഭഗവത്‌ഗീതയിലുണ്ടെന്ന് ഗീത ഉദ്ധരിച്ച് പിണറായി. ഇത് ഗീതയിലെ ഭക്ത സങ്കല്‍പം പാലിക്കുന്നവരുടെ സംഗമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പന്‍റെ ഉറക്കുപാട്ടില്‍ പോലും മതേതരത്വം പ്രകടമാണ്. ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ് . പാടിയത് ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസെന്നും മുഖ്യമന്ത്രി.
ക്ഷേത്രം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം എന്ന വാദത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ക്ഷേത്രങ്ങള്‍ 'വിശ്വാസികളുടെ കയ്യിലായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുന്‍പ് ക്ഷേത്രങ്ങളെല്ലാം നാശത്തിന്‍റെ വക്കിലായിരുന്നു. ദേവസ്വം ബോര്‍ഡ് ഉണ്ടായത് ഭക്തരുടെ ആവശ്യപ്രകാരമാണ്. ജീര്‍ണത മാറിയത് അതിനുശേഷമെന്ന് പിണറായി. കോവിഡ് സമയം 140കോടിരൂപ ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കി. ഇത്തരം സത്യങ്ങള്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു. ജീര്‍ണതയിലേക്കുള്ള തിരിച്ചുപോക്കാണോ ആഗ്രഹിക്കുന്നത്. വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്നത് വ്യാജ പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.