അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് വടകര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം. മണിയൂർ സ്വദേശി ലിഗിത്താണ് നിർത്താതെ കരഞ്ഞതിന് പിന്നാലെ അബോധാവസ്ഥയിലായ തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് നൽകേണ്ട പ്രാഥമിക ശുശ്രൂഷ ജീവൻ രക്ഷിക്കാൻ വരെ ഉതകുന്നതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വടകരയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പനിയായതിനാൽ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് നിർത്താതെ കരഞ്ഞ കുട്ടി പെട്ടെന്ന് അബോധാവസ്ഥിലായത്.
ചുറ്റുമുള്ളവർ കരഞ്ഞുകൊണ്ട് നിലവിളിച്ചോടിയപ്പോൾ, വടകര സിവിൽ ഡിഫൻസ് അംഗമായ മണിയൂർ സ്വദേശി ലിഗിത്ത് അവസരോചിതമായി പ്രവർത്തിക്കുകയായിരുന്നു. സിപിആർ നൽകി കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ശേഷം, പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സിവിൽ ഡിഫൻസ് അംഗം എന്ന നിലയിൽ സിപിആർ നൽകാനുള്ള പരിശീലനം ലിഗിത്തിന് ലഭിച്ചതാണ് സഹായകരമായത്.