ശബരിമല അയ്യപ്പനെ ടൂറിസം ബ്രാന്‍ഡ് അംബാസഡറാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സംഗമത്തില്‍ പങ്കെടുക്കാനുളള സമുദായ സംഘടനകളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല. ഭാവിയില്‍ സംഗമം യുഡിഎഫിന് ഗുണമായും എല്‍ ഡി എഫിന് ശാപമായും മാറുമെന്നും മുരളീധരന്‍ പറഞ്ഞു.
അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ല. വിദേശത്തുനിന്നുള്ള ഭക്തർ വരുന്നുണ്ടെങ്കിലും മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ പരിമിതികളും വനം നിയമങ്ങളും വികസനത്തിന് തടസ്സമാണ്. ശബരിമല കൂടുതൽ ആളുകളെ ആകർഷിക്കേണ്ട കേന്ദ്രമല്ലെന്നും ടൂറിസ്റ്റുകൾ വന്നാൽ അതിന്റെ പരിപാവനത്വം നഷ്ടപ്പെടുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമല്ല അയ്യപ്പ ശാപം ഉണ്ടാകും എന്നാണ് എന്നെ പോലുള്ളവർ വിശ്വസിക്കുന്നത്. സർക്കാർ അയ്യപ്പനെ വോട്ട് ബാങ്കിനായി ഉപയോഗിക്കുകയാണെന്നും, സംഗമത്തിന്റെ പേരിൽ നടന്ന തട്ടിപ്പുകൾ തുറന്നുകാട്ടുമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, പമ്പയിൽ നടക്കുന്നത് അയ്യപ്പ സംഗമം അല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ സംഗമം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ആണ് ശ്രമം. കുറച്ച് മുതലാളിമാരെ കൊണ്ടുവന്ന് സംഗമം നടത്തിയാൽ അയ്യപ്പ ഭക്തരോട് ഈ സർക്കാർ കാണിച്ച നെറികേടുകൾ മറക്കുമെന്ന് വിചാരിക്കേണ്ട എന്നും എംടി രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു.
ശബരിമലയെ വീണ്ടും ദേശീയ ശ്രദ്ധാ കേന്ദ്രമാക്കി ആഗോള അയ്യപ്പ സംഗമം ഇന്ന്. പമ്പയില്‍ സജ്ജമാക്കിയ പന്തലിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാർക്കു പുറമെ തമിഴ്നാട് മന്ത്രിമാരായ പളനി വേൽ ത്യാഗരാജനും പി.കെ.ശേഖർബാബുവും പങ്കെടുക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡൻറ് എം.സംഗീത് കുമാർ എന്നിവരും സംഗമത്തിൽ പങ്കെടുക്കും. മൂന്ന് സെഷനുകളിലായി ശബരിമല മാസ്റ്റർ പ്ലാൻ , ആത്മീയ തീർത്ഥാടന സർക്കിറ്റ്, തിരക്ക് നിയന്ത്രണവും മുന്നൊരുക്കങ്ങളും എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പമ്പയിലെത്തി. പമ്പയിലും പരിസരപ്രദേശത്തും അതീവ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തി.