വ്യാജ പോക്സോ കേസുകൾ തടയാന്‍ പുരുഷ കമ്മീഷൻ വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ. ആറു മാസം മുമ്പ് ഈ ആവശ്യം പറഞ്ഞപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ പോലും എതിർത്തിരുന്നു. ഇങ്ങനെ ഒരു കമ്മീഷൻ വന്നാൽ അത് സ്ത്രീകൾക്ക് എതിരെയാവും എന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോൾ ഈ കമ്മീഷന്റെ ആവശ്യകത രാഹുൽ മാങ്കൂട്ടത്തിലിനു മനസിലായി കാണുമെന്നും രാഹുല്‍ ഈശ്വര്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘റിനിയുടെ വ്യാജ പരാതി പൊളിക്കും, ശരിക്കുള്ള അതിജീവിതർ’ എന്നു പറഞ്ഞ് രാഹുല്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ജാമ്യമില്ലാത്ത വകുപ്പിലെ പ്രതിയാണ് താന്‍ എന്നു പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വ്യാജ കേസുകള്‍ വ്യാപകമാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. തനിക്കെതിരെ റിനി പരാതി നല്‍കിയത് മാനനഷ്ടക്കേസിനാണെന്നും എന്നാല്‍ ഐടി ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കാരണം അത് ജാമ്യമില്ലാത്ത വകുപ്പാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഈ രാജ്യത്ത് നടക്കുന്ന നിയമത്തിന്‍റെ പച്ചയായ ദുരുപയോഗമാണെന്നും രാഹുല്‍ ആരോപിച്ചു.
റിനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ റിനി മദര്‍ തെരേസയാണോ മഹാത്മാഗാന്ധിയാണോ എന്നും രാഹുല്‍ പരിഹസിക്കുകയുണ്ടായി. ഇത് തന്നെയാണ് ഹണി റോസ് തനിക്കെതിരെ കേസെടുത്തിലും സംഭവിച്ചതെന്നും രാഹുല്‍ പറയുന്നു. ഇതുകൊണ്ടാണ് പുരുഷ കമ്മിഷന്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ‘പുരുഷ കമ്മിഷന്‍ കൊണ്ടുവരുന്നതിനുള്ള ബില്‍ കഴിഞ്ഞ ആറുമാസമായി തടഞ്ഞുവച്ചിരിക്കുകയാണ്. സ്പീക്കര്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷ േനതാവ് വിഡി സതീശന് താല്‍പര്യമില്ലാഞ്ഞതുകൊണ്ടാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെടാഞ്ഞത്. പുരുഷ കമ്മിഷന്‍ വന്നാല്‍ ഞങ്ങള്‍ക്ക് പോകാനെങ്കിലും ഒരിടമുണ്ട്’ രാഹുല്‍ പറഞ്ഞു.