കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് നിയമസഭയുടെ ഇന്നത്തെ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. പോലീസുകാരെ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ യുഡിഎഫ് എംഎൽഎമാരായ സനീഷ് കുമാർ ജോസഫും എ.കെ.എം അഷ്റഫും അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിട്ട് നാല് ദിവസ്മായിട്ടും സർക്കാർ നടപടിയെടുക്കാതത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. അടുത്ത 9 ദിവസം സഭ ഇല്ലാത്തതിനാൽ സത്യാഗ്രഹം താൽക്കാലികമായി നിർത്തിവെച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ശൂന്യ വേളയ്ക്ക് തൊട്ടുപിന്നാലെയാണ് സഭ നടപടികൾ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. പിന്നാലെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്ക് പുറത്തേക്ക്. 9 ദിവസം കഴിഞ്ഞ് മാത്രമേ സഭ ഇനി ചേരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സത്യാഗ്രഹം താൽക്കാലികമായി നിർത്തിവച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. പോലീസ് മർദ്ദനത്തിൽ സഭക്ക് അകത്തും പുറത്തും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ രണ്ടാം തവണയാണ് പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്‌കരിക്കുന്നത്. സഭ വീണ്ടും ചേരുമ്പോൾ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ ആലോചന