പമ്പയിൽ നാളെ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശബരിമല വികസനത്തിൽ ശുഭപ്രതീക്ഷയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. അതേസമയം അതത് ക്ഷേത്രങ്ങളുടെ ഫണ്ട് ചെലവിട്ട് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമെന്ന മലബാർ ദേവസ്വം ബോർഡിന്‍റെ ഉത്തരവ് വിവാദമായി. പന്തളം കൊട്ടാരത്തിനു പിന്നാലെ ഐക്യ മല അരയ സഭയും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു
നാളെ ആറിന് രജിസ്ട്രേഷൻ. 10 മണിക്ക് മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും . തുടർന്ന് മാസ്റ്റർ പ്ലാൻ അടക്കം മൂന്നു വിഷയങ്ങളിൽ മൂന്നു വേദികളിലായി ചർച്ച. റജിസ്റ്റർ ചെയ്ത 3500 പ്രതിനിധികൾ പങ്കെടുക്കും. വികസന വഴി തെളിയുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു
ജീവനക്കാർക്കും ട്രസ്റ്റിമാർക്കും പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ ഫണ്ടിൽ നിന്ന് വിനിയോഗിക്കണം എന്ന മലബാർ ദേവസ്വം ബോർഡ് ഉത്തരവ് വിവാദമായി. എല്ലാം സ്പോൺസർഷിപ്പ് വഴിയാണെന്നും മറ്റു ദേവസ്വം ഫണ്ടുകൾ സംഗമത്തിനായി ഉപയോഗിക്കില്ലെന്നും സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു . മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. അതേസമയം പന്തളം കൊട്ടാരത്തിന് പിന്നാലെ ഐക്യ മല അരയ മഹാസഭയും അയ്യപ്പസംഗമം ബഹിഷ്കരിച്ചു. ശബരിമലയിലെ സമുദായത്തിന്‍റെ ആരാധനാ അവകാശം ഇല്ലാതാക്കിയത് ദേവസ്വം ബോർഡ് ആണെന്നും താൻ പങ്കെടുക്കില്ലെന്നും സെക്രട്ടറി പി കെ സജീവ് അറിയിച്ചു.