പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിൽ കടവന്ത്ര എസ്.എച്ച്.ഒ. പി.എം. രതീഷിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐ.ജി.യാണ് രതീഷിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പീച്ചി എസ്.ഐ. ആയിരിക്കുമ്പോഴാണ് രതീഷ് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്.
രതീഷിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സാധാരണഗതിയിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ച ശേഷം മാത്രമേ ഇത്തരമൊരു നടപടിയിലേക്ക് പോകാറുള്ളൂ. എന്നാൽ, ഈ കേസിന്റെ ഗൗരവം കണക്കിലെടുത്ത് മറുപടിക്കായി കാത്തുനിൽക്കാതെ രതീഷിനെ സസ്പെൻഡ് ചെയ്യാൻ ഐ.ജി. തീരുമാനമെടുക്കുകയായിരുന്നു. അതേസമയം, സസ്പെൻഷൻ മാത്രമായി ഈ നടപടി അവസാനിക്കില്ലെന്നും കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.