പെരളശ്ശേരിയിൽ അമിതവേഗത്തിൽ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രോഗിയടക്കം നാലുപേർക്ക് പരിക്കേറ്റു. ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഉരുവച്ചാലിൽനിന്ന് രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. പെരളശ്ശേരി ടൗണിലെത്തിയപ്പോൾ, റോഡിലേക്ക് കയറി വന്ന ബൈക്കിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ ആംബുലൻസ് റോഡിനരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു.
അപകടം കണ്ട ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസിലുണ്ടായിരുന്ന രോഗിയുൾപ്പെടെ നാലുപേരെയും പുറത്തെടുത്ത് മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.