പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു. മനുഷ്യാവകാശ കമ്മിഷൻ സിറ്റിങിലാണ് ആവശ്യം. സർക്കാർ ജോലി ലഭിക്കണമെന്നും ആവശ്യമുണ്ട്. അതിനിടെ ബിന്ദു വിതുരയിലെ സ്കൂളില്‍ ജോലിക്കും കയറി. ജോലി കിട്ടിയതില്‍ അതീവ സന്തോഷമെന്ന് ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു.
ജോലിക്ക് നിന്ന വീട്ടിലെ മാല മോഷ്ടിച്ചെന്ന ബിന്ദുവിനെതിരായ കുറ്റം പൊലീസ് മെനഞ്ഞ കള്ളക്കഥയെന്ന് വിശദ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.ജി.എം ഗ്രൂപ്പ് അവരുടെ വിതുരയിലെ പൊന്‍മുടി വാലി പബ്ളിക് സ്കൂളില്‍ ബിന്ദുവിന് ജോലി നല്‍കിയത്. ഇന്ന് ഉച്ചയോടെ ബിന്ദു ജോലിയില്‍ പ്രവേശിച്ചു. സത്യം തെളിയിച്ചതോടെ പുതിയ നിയമപോരാട്ടത്തിനും ബിന്ദു തുടക്കമിട്ടു.
ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി നല്‍കി. കമ്മിഷന്‍ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ആരോപണ വിധേയനായ എസ് ഐ പ്രദീപ് , എ.എസ്. ഐ. പ്രസന്നകുമാർ എന്നിവർക്ക് നോട്ടീസ് നൽകും.