മൂവാറ്റുപുഴയില്‍ ആദ്യഘട്ട ടാറിങ് പൂര്‍ത്തിയാക്കിയ റോഡ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം തുറന്നുനല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ്.െഎ കെ.പി സിദ്ദിഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ടാറിങ് പൂര്‍ത്തിയാക്കിയതോടെ എംസി റോഡില്‍ കച്ചേരിത്താഴം മുതല്‍ പിഒ ജംക്ഷന്‍ വരെയുള്ള ഭാഗം വെള്ളിയാഴ്ച്ചയാണ് തുറന്നു നല്‍കിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മറ്റും അറിയിക്കാതെ നാടമുറിച്ച് തുറന്നുകൊടുത്തതിലാണ് നടപടി. വിഷയത്തില്‍ സിദ്ദിഖിനോട് ഡിവൈഎസ്പി വിശദീകരണം തേടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി.
സിദ്ദിഖിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് തുറന്നുകൊടുക്കുകയായിരുന്നുവെന്നും ഉദ്ഘാടനമല്ലെന്നും എസ്.െഎയ്ക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.