സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സംഗമത്തിനെതിരെ പ്രതിഷേധം ഉയർത്തി സമസ്തയും ബിജെപിയും. ന്യൂനപക്ഷ സംഗമം സർക്കാർ നടത്തുമ്പോൾ ആശങ്കയുണ്ടെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സർക്കാർ നീക്കം സത്യപ്രതിജ്ഞ ലംഘനമാണന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
അടുത്ത മാസം കൊച്ചിയിൽ സർക്കാർ സംഘടിപ്പിക്കാനിരിന്നുന്ന ന്യൂനപക്ഷ സംഗമത്തിന് എതിരെയാണ് വിമർശനമുയർന്നത്. ഒരു മതേതര സർക്കാർ മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തേണ്ടതുണ്ടോ എന്ന സംശയമാണ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉന്നയിച്ചത്.കഴിഞ്ഞ കുറേ കാലങ്ങളായി മുസ്ലീം സമുദായത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടപെട്ട ആനുകൂല്യം തിരിച്ചു നൽകാൻ കഴിഞ്ഞാൽ ന്യൂനപക്ഷ സംഗമം വിജയമായിരിക്കും അല്ലങ്കിൽ പ്രഹസനമാവുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സർക്കാർ തന്നെ ആളുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞു. നടത്താൻ ഇരിക്കുന്നത് ന്യൂനപക്ഷ സെമിനാറാണന്നും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന33 സെമിനാറുകളിൽ ഒന്നു മാത്രമാണിതെന്നുമാണ് മന്ത്രി വി. അബ്ദുറഹിമാൻ്റെ പ്രതികരണം.