ചൂരല്‍മലയില്‍ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടപ്പെട്ട് ഒറ്റക്കായ ശ്രുതിയുടെ മുഖം ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴിതാ ശ്രുതിക്ക് സമൂഹമാധ്യമങ്ങളിലൂടെ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഡോ.താഹിറ കല്ലുമുറിക്കല്‍. ശ്രുതിയുടെ മരിച്ചുപോയ പ്രതിശ്രുത വരനായ ജെന്‍സനെ ഓര്‍ത്ത് ജീവിക്കുന്നില്ലെന്നും ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു എന്നും പറഞ്ഞ് നിരവധി മെസേജുകള്‍ വരുന്നുണ്ട് എന്നാണ് താഹിറ പറയുന്നത്.
ജെൻസന്‍റെ വീട് ജപ്തി ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ശ്രുതി നല്ലൊരു തുക അവര്‍ക്ക് നല്‍കിയിരുന്നെന്നും ഒപ്പം സ്ഥാപനം തുടങ്ങാൻ വേണ്ടി കൊടുത്ത സ്വർണ്ണമൊന്നും തിരിച്ചു വാങ്ങിയിരുന്നില്ലെന്നും താഹിറ വ്യക്തമാക്കുന്നുണ്ട്. ശ്രുതി ഇന്നും താമസിക്കുന്നത് വാടക വീട്ടിലാണെന്നും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന അവള്‍ സന്തോഷിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോ എന്നും താഹിറ ചോദിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു സമയത്ത് മലയാളികൾ ഒന്നടങ്കം സങ്കടപ്പെട്ടതും പ്രാർത്ഥിച്ചതും ഈ കുട്ടിയുടെ ദുർവിധിയെ ഓർത്തായിരുന്നു, അച്ഛനും അമ്മയും ആകെയുള്ള കൂടപ്പിറപ്പും, ഉറ്റ ബന്ധുക്കളുമെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായവൾ, വെറും 23 വയസുകാരി. പ്രിയപ്പെട്ടവനും പോയി, പിന്നെയവൾ മരണത്തെ മാത്രം സ്നേഹിച്ചു..
ഞാൻ പരിചയപ്പെടുന്നത് അവന്റെ വിയോഗത്തിന് മുൻപായിരുന്നു, അവൾക്കൊപ്പം ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യമേ പറഞ്ഞത്, ഇത്ത അവളെ കൗൺസിലിംഗ് ചെയ്യാത്ത രീതിയിൽ ഒന്ന് നോർമലായി സംസാരിക്കുമോ എന്നായിരുന്നു, അന്ന് തുടങ്ങിയതാണ് ബന്ധം, അവന്റെ മരണ ശേഷം അവളെ മുഖാമുഖം കണ്ടപ്പോൾ പറഞ്ഞത് ഇത്ത, ഞാൻ ഇനി കരയില്ല, കാരണം കരയാൻ പോലും അർഹതയില്ലത്തവളാണ്. എന്റെ മനസ് കൈവിടാതെ ഞാൻ സൂക്ഷിച്ചോളാം..
ഞാനും അവളോട് പറഞ്ഞത് നിന്റെ ജീവിതത്തിന്റെ, നിന്റെ മനസിന്റെ സന്തോഷത്തിന്റെയൊക്കെ താക്കോൽ നിന്റടുത്ത് മാത്രമാണ്, അത് നീ മുറുകെ പിടിച്ചു നിന്റെ മനസിന് സന്തോഷമുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് മുന്നോട്ട് ജീവിക്കണം.. പിന്നെ ജീവിതയാത്രയിൽ കൂടെ കൂട്ടാം എന്ന് തോന്നിയ ഒരാളെ കണ്ടു മുട്ടിയാൽ ഒരുമിച്ചൊരു യാത്രയെ കുറിച്ചും ചിന്തിക്കണം, കാരണം നിനക്ക് 23 വയസ് മാത്രാണ്. ഒറ്റക്ക് ഒരു ജീവിതം വേണ്ട മോളെ, അതും ഉൾക്കൊള്ളണം എന്നുകൂടെ പറഞ്ഞിരുന്നു.. ചെയ്യുമെന്നും ചെയ്യില്ല എന്നും പറഞ്ഞില്ല
ഇന്ന് രാവിലെ മുതൽ ആ കുട്ടി സംസാരിക്കുന്നത് അവൾക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് അയച്ചു കൊണ്ടാണ്, ജെൻസനെ ആലോചിച് ജീവിക്കുന്നില്ലത്രേ,അവൾ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുന്നു, ഇതൊക്കെ കാരണം അവൾ നന്ദിയില്ലാത്തവളായി മാറി എന്ന്. ജെൻസന്റെ അച്ഛൻ ചെയ്ത വീഡിയോ പ്രകാരം വീട് ജപ്തി ചെയ്യാൻ പോകുന്നു എന്നറിഞ്ഞു, അവൾ നല്ലൊരു തുക ആദ്യമേ കൈമാറിയിരുന്നു, ഒപ്പം അന്നാ സ്ഥാപനം തുടങ്ങാൻ വേണ്ടി കൊടുത്ത സ്വർണ്ണമൊന്നും അവൾ തിരിച്ചു വേടിച്ചില്ല എന്നതെല്ലാം അവളെ അറിയുന്നവർക്കറിയാം.. മരിച്ചുപോയവരെ കുറിച്ചോ അവന്റെ വീട്ടുകാരെ കുറിച്ചോ ഒന്നും പ്രതികരിക്കില്ല അവൾ, അതാണവളുടെ പ്രകൃതം..
ഇന്നും അവൾ ജീവിക്കുന്നത് വാടക വീട്ടിലാണ്, കാരണം വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ പ്രഭാല്യത്തിൽ വന്നിട്ടില്ല, ജോലി ഒഴിച്ച്.
ആ ജോലിയും ചെയ്തു, അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യമായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണുനട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനസാക്ഷിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെ.