ഇല്ലാത്ത കേസ് അന്വേഷിക്കാന്‍ നാല് വര്‍ഷമായി ജുഡീഷ്യല്‍ കമ്മീഷനെ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് പോറ്റിപ്പുലര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിരീക്ഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷനാണ് നോക്കുകുത്തിയായി നിന്ന് പണം പാഴാക്കുന്നത്. എട്ട് തവണ സര്‍ക്കാര്‍ കാലാവധി നീട്ടിയെങ്കിലും ഒരു വരി റിപ്പോര്‍ട്ട് പോലും കമ്മിഷന്‍ കൊടുത്തിട്ടില്ലന്ന് മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ തിരിയുന്നതിന് മുന്‍പ്, സ്വര്‍ണക്കടത്തിന് പിടിയിലായി ജയിലില്‍ കിടന്ന കാലം. അന്നൊരു ശബ്ദരേഖ പുറത്തുവന്നു. മുഖ്യമന്ത്രിയെ കുടുക്കാനുള്ള കേന്ദ്ര നീക്കത്തിന്‍റെ തെളിവായാണ് ശബ്ദരേഖയെ സര്‍ക്കാര്‍ കണ്ടത്. ഉടന്‍ തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമാറുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. നിയമവിരുദ്ധ ബീക്കണ്‍ ലൈറ്റുമായി വിലസിയിരുന്ന പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാനായ ജസ്റ്റിസ് വി.കെ.മോഹനന്‍ തന്നെ കമ്മിഷനായി. അധികം വൈകാതെ കമ്മിഷനെ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വര്‍ണക്കടത്തിലടക്കം കേന്ദ്ര ഏജന്‍സികള്‍ കുറ്റപത്രം നല്‍കി. മുഖ്യമന്ത്രിയെന്നല്ല, മന്ത്രിമാരെപ്പോലും പ്രതിചേര്‍ത്തതുമില്ല. മുഖ്യമന്ത്രിക്കെതിരെ മറ്റ് കേസുകളും ഇപ്പോഴില്ല. എന്നിട്ടും കമ്മിഷന്‍ തുടരുകയാണ്.
2021 മെയില്‍ രൂപീകരിച്ച കമ്മിഷനായി ഒരു കോടി 17 ലക്ഷം രൂപയാണ് ഇതുവരെ സര്‍ക്കാര്‍ ചെലവഴിച്ചത്. വി.കെ.മോഹനന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍റെ ശമ്പളമുള്ളതിനാല്‍ കമ്മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ പ്രത്യേക പ്രതിഫലം വാങ്ങുന്നില്ല. മറ്റ് ഓഫിസ് ചെലവുകള്‍ക്കായാണ് ഖജനാവില്‍ നിന്ന് ഒരു കോടി പാഴായത്. കമ്മീഷനെ ഹൈക്കോടതി സ്റ്റേ ചെയ്തതുകൊണ്ടാണ് റിപ്പോര്‍ട്ടൊന്നും നല്‍കാത്തതെന്നാണ് സര്‍ക്കാരിന്‍റെ ന്യായീകരണം. പക്ഷെ ഇല്ലാത്ത കേസിനേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിനാണ്, കോടികള്‍ പൊടിക്കുന്ന നോക്കുകുത്തി കമ്മിഷന്‍ തുടരുന്നതെന്ന് മുഖ്യമന്ത്രിയാണ് ചിന്തിക്കേണ്ടത്.