പൂജ, ദീപാവലി അവധിദിവസങ്ങളില്‍ മുംബൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റയില്‍വേ. ആഴ്ചയിൽ ഒരു ദിവസമായിരിക്കും സർവീസ്. ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഓണ നാളില്‍ വീടണയാന്‍ ഒരു സ്പെഷ്യൽ ട്രെയിനെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ ശണേശോല്‍സവത്തിന് അധിക സര്‍വ്വീസ് നടത്തിയത് കാരണം കേരളത്തിനൊന്നും പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. മലയാളി സംഘടകളുടെ നിരന്തരമായ ആഭ്യര്‍ഥനയെ തുടര്‍ന്നാണ് തിരക്കു പരിഗണിച്ച് പൂജ, ദീപാവലി അവധികളില്‍ സ്പെഷ്യല്‍ സര്‍വ്വീസ് പ്രഖ്യാപിച്ചത്. ഈ മാസം 25 മുതൽ നവംബർ 27 വരെ എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാലിന് കുർള എൽടിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും.
ഈ മാസം 27 മുതൽ നവംബർ 29 വരെ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ ഒന്നിന് കുർള എൽടിടിയിൽ എത്തുന്ന രീതിയിലാണ് സർവീസ്. അവധിക്കാലമായതോടെ കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കുള്ള ഒരു ട്രെയിനിൽ പോലും കൺഫേം ടിക്കറ്റില്ല. വിമാനത്തില്‍ കൊള്ളനിരക്കുമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.