പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കുമെതിരെ മൊഴി നല്‍കിയ പരാതിക്കാരി ജീന യൂത്ത് കോണ്‍ഗ്രസുകാരിയല്ലെന്ന് നേതൃത്വം. ജീന സജി തോമസ് എന്ന പേരില്‍ ഒരു പ്രവര്‍ത്തക കോട്ടയത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.ഗൗരീശങ്കര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സതീശനും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴി.
ജീന സജി തോമസ് എന്ന ഇ–മെയില്‍ വിലാസത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഢാലോചനയെന്ന പരാതി എത്തിയത്. ക്രൈം ബ്രാഞ്ചിന് മുന്നിലെത്തി മൊഴി നല്‍കി ജീന മടങ്ങുകയും ചെയ്തു. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് ഇവര്‍ മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ജീനയെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കും ജീനയെ പരിചയവുമില്ല. രണ്ട് ദിവസമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആളെ തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ജീന സജി തോമസ് സംഘടനയുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നടത്തുന്ന ഗൂഢാലോചനയാണിതെന്നും എം.ഗൗരീശങ്കര്‍ ആരോപിച്ചു.