ബവ്കോയില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ ഇനി കുപ്പിക്ക് പ്രത്യേകം പണം നല്‍കണം. 20 രൂപയാണ് ഈടാക്കുക. ഉപയോഗിച്ചശേഷംം കുപ്പി തിരികെ നല്‍കിയാല്‍ ഈ പണം തിരിച്ചുകിട്ടും. മദ്യം വാങ്ങുമ്പോള്‍ത്തന്നെ കുപ്പിക്ക് പ്രത്യേകം രസീത് നല്‍കും. ഈ രസീതോ ലേബല്‍ ഒട്ടിച്ച കുപ്പിയോ വേണം തിരിച്ചെത്തിക്കാന്‍. തിരുവനന്തപുരത്തും കണ്ണൂരിലുമാണ് ഇത് ആദ്യം നടപ്പാക്കുക. രണ്ടിടത്തായി 10 വീതം ബവ്കോ ഔട്‍ലറ്റുകളില്‍ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല്‍ കേരളം മുഴുവന്‍ നടപ്പാക്കുമെന്ന് ബവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു.
കുപ്പികള്‍ തിരികെ സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ മദ്യം വാങ്ങുന്ന ഔട്‍ലറ്റില്‍ത്തന്നെ കുപ്പി തിരികെ നല്‍കണം. തിരിച്ചുകിട്ടുന്ന കുപ്പികള്‍ ചുമതലപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കും. അവര്‍ ഗ്രീന്‍ കേരളയ്ക്ക് കുപ്പികള്‍ കൈമാറും.
ഒരുമാസമാണ് തിരുവനന്തപുരത്തെയും കണ്ണൂരിലെയും പൈലറ്റ് പദ്ധതിയെന്ന് ബവ്കോ എംഡി അറിയിച്ചു. മദ്യത്തിന് വിലകൂട്ടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കോര്‍പറേഷന്‍ മേധാവി അറിയിച്ചു.