അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 45 വയസ്സായിരുന്നു. നിലവില്‍ 11 പേര്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പാണ് ബത്തേരി സ്വദേശിയായ രതീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയത്. ഇന്ന് പുലർച്ചെ ആരോഗ്യനില വഷളായി. രാവിലെ മരണത്തിന് കീഴടങ്ങി.
രോഗത്തിന്‍റെ ഉറവിടത്തെക്കുറിച്ച് നിലവില്‍ വ്യക്തതയില്ല. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 11 പേര്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കാസര്‍കോട് സ്വദേശിയായ യുവാവാണ് ഗുരുതരാവസ്ഥയിലുള്ളത്. മലപ്പുറം സ്വദേശിയായ 10 വയസ്സുകാരനും രോഗം മൂർച്ഛിക്കുകയാണ്.
കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയോടെ നീങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. തുടര്‍നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്ക നിലവിലുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ശുചീകരണ പ്രവൃത്തികള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്.