ആണവ നിലയ ചർച്ചകൾക്ക് പിന്നാലെ തോറിയം നിലയങ്ങൾ കേരളത്തിൽ സ്ഥാപിക്കുന്നതിന്‍റെ സാധ്യത പരിശോധിച്ച് വൈദ്യുതി വകുപ്പ്. മാലിന്യ പ്രതിസന്ധിയില്ലാത്ത തോറിയം നിലയങ്ങൾ തുടങ്ങുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. 200 കൊല്ലത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ടെന്നതടക്കമുള്ള റിപ്പോർട്ട് മന്ത്രി കൃഷ്ണൻകുട്ടി അടുത്ത മന്ത്രിസഭാ യോഗത്തിൽ വെക്കും.
നേരത്തെ ആണവനിലയ ചർച്ചകൾക്ക് സർക്കാരിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാത്തതോടെയാണ് മന്ത്രി കൃഷ്ണൻകുട്ടിയും വകുപ്പും തോറിയം സാധ്യതകളെ പറ്റി പരിശോധിച്ചത്. വകുപ്പ് കാൽപാക്കത്ത് നടത്തിയ പരീക്ഷണം വിജയിച്ചതോടെ വിഷയം അടുത്ത മന്ത്രിസഭയിൽ വെക്കാനാണ് തീരുമാനം. വിശദമായ പഠനരേഖ തയ്യാറാക്കിയിട്ടുണ്ട്. തോറിയം നിലയങ്ങൾ കേരളത്തിൽ വരുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഹൈഡ്രൽ പദ്ധതിക്കൊപ്പം തന്നെ ഇത്തരം സാധ്യതകൾ പരിശോധിക്കപ്പെടണമെന്നു പറഞ്ഞു വെച്ചു.
ആണവ നിലയത്തിന് LDF സർക്കാർ എതിരാണ്, അത് കൊണ്ടാണ് തോറിയം നിലയമെന്ന ആശയം മുന്നോട്ട് കൊണ്ടു വരുന്നത്. തോറിയം നിലയങ്ങൾ വരുന്നതോടെ വൈദ്യുതി ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടും– മന്ത്രി പറഞ്ഞു.
പൊതുജനാഭിപ്രായം തേടാൻ മന്ത്രി ചർച്ചകൾക്കും തുടക്കമിട്ടു. ചുരുക്കം ചില വിദേശരാജ്യങ്ങളിൽ മാത്രമാണ് തോറിയം നിലയങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ എവിടെയും ഇല്ല. മന്ത്രിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയും CPI അടക്കമുള്ള ഭരണകക്ഷികളും ഏതു നിലയിൽ ഉൾകൊള്ളുമെന്നാണ് ഇനി അറിയേണ്ടത്.