മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ മർദിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ഷാജൻ സ്കറിയ തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ച് ആക്രമിക്കപ്പെട്ടത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് മങ്ങാട്ടുകവല മില്ലിന് സമീപമാണ് സംഭവം. ഷാജന്‍ ഓടിച്ച വാഹനത്തിന് കുറുകെ ജീപ്പ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. കാറില്‍ നിന്ന് പുറത്തിറക്കാനായിരുന്നു ശ്രമം. എതിര്‍ത്തതോടെ വാഹനത്തിലുള്ളിലിട്ട് മുഖത്തും മൂക്കിലും വലതു നെഞ്ചിലും ഇടിച്ചു എന്നാണ് എഫ്ഐആര്‍. 'നിന്നെ കൊന്നിട്ടേ പോകൂ' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
മൂക്കിൽനിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു. തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റി. ഷാജൻ വരുന്നതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.