മുഖ്യമന്ത്രിയുടെ കുടുംബത്തിനു അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ. കവടി നിരത്തി ജ്യോത്സ്യൻ ഇക്കാര്യം പിണറായിയോട് പറഞ്ഞു. ഭാര്യ കമലയോടു പരിഹാര ക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം നടത്തുന്നത് എന്നറിയില്ലെന്നും ശോഭ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന്‍റെ പേരിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്തെ ഗണേശോത്സവ പൊതുസമ്മേളനത്തിലായിരുന്നു പരാമര്‍ശം.

ശോഭാ സുരേന്ദ്രന്‍റെ വാക്കുകള്‍: ‘പണിക്കര്‍ കവടി നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത തെറ്റുകളുടെ ശാപം മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ നിന്ന് താഴെ ഇറങ്ങിയാൽ ജയിൽവാസം അനുഭവിക്കാൻ മകൾക്കും മരുമകനും യോഗ്യമുണ്ട്. അതിനായി അയ്യപ്പഭക്തന്മാരെ ഒരുമിച്ചു ചേർക്കണമെന്ന് പണിക്കര്‍ പറഞ്ഞോ എന്ന് തനിക്കറിയില്ല. ആ കുടുംബത്തിന് ശാപമുണ്ട് എന്നു പറഞ്ഞത് ഭാര്യ കമലയോട്’.

നേരത്തെ ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുകാണെങ്കില്‍ ഭക്തരോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ശബരിമല വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഹിന്ദുവോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും ചോദിക്കുകയുണ്ടായി.

മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടിയുമെത്തി. ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിക്കുകയുണ്ടായി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. 'തത്ത്വമസി' എന്ന ദർശനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ, രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, വിശ്വാസികള്‍ വര്‍ഗീവാദികളല്ലെന്നും വര്‍ഗീയവാദികളെ അകറ്റി നിര്‍ത്താന്‍ വിശ്വസമതില്‍ വേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആഗോള അയ്യപ്പ സംഗമത്തെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. എല്ലാക്കാലത്തും സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പസംഗമം തിരഞ്ഞെടപ്പ് വിഷയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ENGLISH SUMMARY:

Shobha Surendran criticizes Pinarayi Vijayan, claiming his family is under an Ayyappa curse. The BJP leader cited an astrologer's findings and questioned whether Ayyappa Sangamam is a remedy.