ഫയല്‍ ചിത്രം
ഓണക്കാല തിരക്ക് കണക്കിലെടുത്തു ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ അനുവദിച്ചു. പാലക്കാട്- ഷൊർണൂർ വഴി ബംഗളുരുവിൽ നിന്ന് മംഗളുരുവിലേക്കാണ് ട്രെയിൻ. മംഗളുരുവിൽ നിന്ന് ഞായറാഴ്ച രാത്രി 11മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ ബംഗളുരുവിൽ എത്തിച്ചേരും. ബെംഗളൂരു എസ്.എം.വി.ടി ടെർമിനലിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3. 50 നാണ് മടക്ക യാത്ര. മംഗളൂരുവിൽ ചൊവ്വാഴ്ച രാവിലെ 7.30 ന് എത്തിച്ചേരും.
തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച ബെംഗളുരുവിൽ നിന്ന് മലബാറിലേക്ക് മറ്റൊരു പ്രത്യേക ട്രെയിനും അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്രഖ്യാപനം വൈകിയതോടെ യാത്രക്കാർ ബദൽ മാർഗങ്ങൾ തേടിയതിനാൽ കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നാണ് പൊതുവെയുള്ള പരാതി. സ്പെഷല്‍ ട്രെയിൻ പ്രഖ്യാപനം ഉത്സവ സീസൺ തുടങ്ങുന്നതിനു മുൻപേ നടത്തണമെന്ന ആവശ്യം ഇത്തവണയും റെയിൽവേ പരിഗണിച്ചിരുന്നില്ല.