പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിൽ എസ്എഫ്ഐ അതിക്രമിച്ചു കയറിയതിന് മറുപടിയായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. കന്‍റോണ്‍മെന്‍റ് ഹൗസിൽ സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ ക്ലിഫ് ഹൗസിലേക്ക് ഒരു ഈച്ചയ്ക്ക് പോലും കടക്കാൻ പൊലീസ് അനുവദിച്ചില്ല. അതേസമയം, കന്‍റോണ്‍മെന്‍റ് ഹൗസിലെ സുരക്ഷാവീഴ്ചയിൽ പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നൽകി.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും തൊട്ടടുത്ത മന്ദിരങ്ങളിൽ മന്ത്രിമാരായ വി. എൻ. വാസവൻ, എ. കെ. ശശീന്ദ്രൻ, കെ. രാജൻ എന്നിവരും താമസിക്കുന്ന കന്‍റോണ്‍മെന്‍റ് ഹൗസിൻ്റെ ഗേറ്റും കടന്നാണ് രാത്രി എസ്എഫ്ഐയുടെ രാഹുൽ മങ്കൂട്ടത്തിൽ വിരുദ്ധ പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവിൻ്റെ വീടിന് നേരെ തുടർച്ചയായ പ്രതിഷേധമാണ്. എന്നിട്ടും എസ്എഫ്ഐ പ്രവർത്തകരെ നേരിടാൻ ബാരിക്കേഡോ ആവശ്യത്തിന് പൊലീസുകാരോ ഉണ്ടായില്ല. അതിസുരക്ഷാ മേഖലയിലെ സുരക്ഷാവീഴ്ചയിൽ പ്രതിപക്ഷ നേതാവ് തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
അതേസമയം കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിന് മറുപടിയായി യൂത്ത് കോൺഗ്രസ് ഇന്ന് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക് ഇറങ്ങിത്തിരിച്ചു. മാർച്ച് എത്തും മുമ്പേ കനത്ത പൊലീസ് സുരക്ഷ. ഒരു പ്രവർത്തകന് നാല് പൊലീസുകാരെന്ന നിലയിൽ കനത്ത സന്നാഹവും. ഒരാൾക്ക് പോയിട്ട് ഒരു ഈച്ചയ്ക്ക് പോലും ബാരിക്കേഡ് കടക്കാനായില്ല. ഒടുവിൽ ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോസ്റ്ററുകൾ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചു.